Home / വെബ്‌ സ്പെഷ്യല്‍ / “ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും… ” : മംഗളം

“ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും… ” : മംഗളം

സേവനം എന്നാല്‍ ചാനലുകള്‍ക്ക്‌ മുന്നില്‍ ആടിത്തിമര്‍ക്കേണ്ട വേഷമാണെന്നത്‌ ന്യൂ ജനറേഷന്‍ ഭാഷ്യം. ഈ വേഷപ്പകര്‍ച്ചയില്‍ മുഖത്തെഴുതി കെട്ടിയാടുന്നവരിലാകട്ടെ, ജനറേഷന്‍ വ്യത്യാസവുമില്ല.ദുരന്തമുഖങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുപകരം ബഹളംകൂട്ടി മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നതാണ്‌ സേവനമെന്ന്‌ കരുതുന്നവരാണ്‌ ഇന്ന്‌ ഏറേയും. ചാനലുകളില്‍ മുഖമൊന്നു തെളിഞ്ഞ്‌ കണ്ടാല്‍ ലോകം കീഴടക്കിയ ആവേശം. ഇതിനായി എന്തു വിലകൊടുത്തും ചാനല്‍ പ്രവര്‍ത്തകരുടെ പ്രീതി സമ്പാദിക്കും. മൈക്കും കോലുമായി ഓരോ മണിക്കൂറിലും ബ്രേക്കിംഗിന്റെയും സ്‌റ്റോറികളുടെയും സമ്മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്ന ചാനല്‍ പ്രവര്‍ത്തകര്‍ തങ്ങള്‍ നീട്ടുന്ന ഇരയില്‍ കൊത്തുമെന്നും നന്നായി അറിയാം.

ഇടുക്കിയിലെ വ്യാപക ഉരുള്‍പൊട്ടലുണ്ടായ ഇടങ്ങളിലും കണ്ടു ഇത്തരം വേഷപ്പകര്‍ച്ചകളാടുന്നവരെ. ചുളുങ്ങാത്ത ഖദറിനകത്ത്‌ കുട്ടികൂറ പൗഡര്‍ പൂശിയ ശരീരവും വെളുക്കെ ചിരിച്ച മുഖവുമായി കാമറ വെട്ടത്തില്‍ നിന്ന്‌ മാറാതെ ഓടിനടന്ന ചിലര്‍. മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തുമ്പോള്‍ ഇടിച്ചുകയറി സാന്നിധ്യം ഉറപ്പുവരുത്തുന്നവര്‍… ഇവരെ തടഞ്ഞിട്ട്‌ നടക്കാന്‍ വയ്യാത്ത അവസ്‌ഥയായിരുന്നു ചീയപ്പാറയില്‍ ദൃശ്യമായതും. ചാനലുകളില്‍ പതിയുമ്പോള്‍ തിരിച്ചറിയുന്നതിനായി സംഘടനയുടെ പേരെഴുതിയ ടീ ഷര്‍ട്ടുകള്‍ സംഘടിപ്പിച്ച്‌ ദുരന്ത പിറ്റേന്ന്‌ തലങ്ങും വിലങ്ങും നടന്ന കൂട്ടങ്ങളും ഏറെ.

ഇടുക്കിയിലെ കാലവര്‍ഷ ദുരന്തങ്ങളില്‍ താരതമ്യേന കെടുതി കുറഞ്ഞതായിരുന്നു ചീയപ്പാറയിലെ മണ്ണിടിച്ചിലെങ്കിലും മീഡിയ ഫോക്കസ്‌ ചെയ്‌തത്‌ അവിടെയായി. മരണസംഖ്യ കൂടിയേക്കുമെന്ന്‌ സ്‌ഥലം എല്‍.എല്‍.എ യാണ്‌ ആദ്യവെടി പൊട്ടിച്ചത്‌. അറുപതില്‍ ഇദ്ദേഹം നിര്‍ത്തിയപ്പോള്‍ തൊട്ടടുത്ത എം.എല്‍.എ അത്‌ നൂറാക്കിപെരുക്കി ചാനലുകാര്‍ക്ക്‌ ദൃക്‌സാക്ഷി വിവരണം കൊടുത്തു. ഇതോടെ നാടെങ്ങുമുള്ള ഒ.ബിവാനുകള്‍ ചീയപ്പാറയ്‌ക്ക്‌ വച്ചുപിടിച്ചു. തൂങ്ങിയും വിഷം കഴിച്ചും മരിച്ച്‌ മോര്‍ച്ചറിയില്‍ കിടക്കുന്നവര്‍ പോലും ചീയപ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണത്തിലേക്ക്‌ ചേര്‍ത്ത്‌ വച്ച്‌ ചാനലുകള്‍ ബ്രേക്കിംഗ്‌ ന്യൂസ്‌ കൊടുത്തു…! ഇതോടെ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ടവരും കാര്‍ഷിക വിളകള്‍ നശിച്ച്‌ പകച്ചുനിന്നവരുമൊക്കെ ശ്രദ്ധിക്കപ്പെടാതെയായി.

മുല്ലപ്പെരിയാര്‍ സമരക്കാലത്ത്‌ നേതാക്കളായ നേതാക്കളൊക്കെ ബോട്ട്‌യാത്ര നടത്തിയപോലെ ചീയപ്പാറയിലേക്കും ഭരണ- പ്രതിപക്ഷ നേതാക്കള്‍ ഒഴുകിയെത്തി. ഗീര്‍വാണ പ്രസംഗങ്ങളും വാര്‍ത്താസമ്മേളനവുമായി പൊടിപൊടിച്ച ദുരിതാശ്വാസ- സേവന പ്രവര്‍ത്തനം…! എന്നാല്‍ പ്രസംഗവും പ്രഖ്യാപനങ്ങളുമല്ല; ദീര്‍ഘവീക്ഷണത്തോടെയുള്ള തീരുമാനങ്ങളും അത്‌ നടപ്പാക്കാനുള്ള ഇച്‌ഛാശക്‌തിയുമാണെന്ന്‌ തങ്ങള്‍ക്ക്‌ ആവശ്യമെന്ന്‌ ഇടുക്കിക്കാര്‍ ഒന്നടങ്കം പറയുന്നു. മലയിടിഞ്ഞാല്‍ പിന്നെ ഒറ്റപ്പെട്ടുപോകുന്ന ഇടുക്കിയില്‍ ദ്രുതകര്‍മ സേനാ ക്യാമ്പ്‌ പോലും സ്വന്തമായി നല്‍കാന്‍ സാധിക്കാത്തവരാണ്‌ മുതലകണ്ണീരൊഴുക്കി വീണ്ടുമെത്തിയതും. ചാനലുകള്‍ക്ക്‌ മുന്നില്‍ തെളിഞ്ഞുനില്‍ക്കാനുള്ള അവസരം മാത്രമായി ദുരന്തങ്ങളെ കാണുന്ന നേതാക്കള്‍ വന്നതുപോലെ തിരിച്ചുപോയി. ഇനി അടുത്ത കാലവര്‍ഷത്തില്‍ വേഷപ്പകര്‍ച്ചയാടി വീണ്ടുമെത്തും….
സേവനത്തെ ജീവിത ലക്ഷ്യമായി കാണുന്ന കൂട്ടരുമുണ്ട്‌.

ആര്‍.എസ്‌.എസിന്റെ സ്വയം സേവകര്‍ ദുരന്തമുഖത്ത്‌ ചെയ്‌ത സേവനങ്ങള്‍ ഇതിന്‌ ഉദാഹരണമാണ്‌. ദുരന്തമുണ്ടായ നിമിഷം മുതല്‍ മൂന്നാംദിവസം തിരച്ചില്‍ നിര്‍ത്തുന്നതുവരെ സ്വയംസേവകര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇവരില്‍ ആരും തന്നെ ചാനലുകള്‍ക്ക്‌ മുന്നിലെത്തിയില്ല. ഒരു വരി റിലീസുമായി പോലും പത്ര ഓഫീസുകളിലുമെത്തിയില്ല. ആരും ഇതൊന്നും വാര്‍ത്തയാക്കിയതുമില്ല; അവര്‍ ആഗ്രഹിച്ചതുമില്ല. ഇവരുടെനിലപാടിലും ആദര്‍ശത്തിലും മറ്റ്‌ പ്രവൃത്തികളിലും വിയോജിക്കുന്നവരുണ്ടാകാം. എന്നാല്‍ ആത്മാര്‍ത്ഥമായ സേവന പ്രവര്‍ത്തനത്തെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.

ചീയപ്പാറയില്‍നിന്ന്‌ മലയിഞ്ചിയിലെ ഉരുള്‍പൊട്ടല്‍ മേഖലയിലേക്കും പുനരധിവാസ ക്യാമ്പുകളിലേക്കും ഇവര്‍ സേവന പ്രവര്‍ത്തനം നീട്ടിയപ്പോള്‍ ചുളിയാത്ത ഖദര്‍ധാരികളുടെ മുഖംചുളുങ്ങി. പഞ്ചായത്തിലെ നേതാവ്‌ എതിര്‍വാദവുമായി രംഗത്തെത്തി. ഭരണക്കാരുടെ തിരുവായ്‌ക്ക്‌ എതിര്‍വായയില്ലാത്ത തഹസില്‍ദാര്‍ സേവനക്കാരെ തുരുത്തി. ഇതിനുള്ള കാരണമായി എം.പിയുടെ വിശദീകരണമാണ്‌ വിചിത്രം… സേവനം ചെയ്യാനെത്തിയവര്‍ ക്യാമ്പില്‍നിന്ന്‌ വസ്‌ത്രം മാറുകയും ഭക്ഷണം വിളമ്പാന്‍ ഒരുങ്ങുകയും ചെയ്‌തതാണ്‌ പ്രശ്‌നമായതെന്നാണത്രെ എം.പിയെ ആരോ ധരിപ്പിച്ചത്‌. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും കൊതുകിനു ചോരതന്നെ പ്രിയം….!!!

പൂർണ്ണരൂപം : http://www.mangalam.com/idukki/83031

Leave a Reply

Your email address will not be published. Required fields are marked *