Home / വാസ്തവം / ദേശീയഗാനം പാടാണമെന്ന വിധി

ദേശീയഗാനം പാടാണമെന്ന വിധി

സിനിമ തീയറ്ററുകൾ ദേശീയ ഗാനം നിർബന്ധമായും വേണമെന്നും അത് ആലപിക്കുമ്പോൾ പ്രേക്ഷകർ എഴുന്നേറ്റുനിൽക്കണമെന്നുമുള്ള സുപ്രീം കോടതി വിധി പലരെയും വിഷമിപ്പിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിനിടെ ദേശീയഗാനം ആലപിച്ചപ്പോൾ സീറ്റിൽ എഴുന്നേറ്റ് നില്ക്കാൻ മടിച്ചവർക്കെതിരെ പോലീസ് ഇന്ന് നടപടിയെടുത്തിട്ടുണ്ട്. അവരെ തീയറ്ററിൽ നിന്ന് അറസ്റ്റ് ചെയ്യുകയാണ് ചെയ്തത്. ആറോ ഏഴോ പേരുണ്ട് അങ്ങിനെ പിടിയിലായത്.

തമിഴ്‌നാട്ടിൽ ഇത്തരത്തിൽ എഴുന്നേറ്റു നില്ക്കാൻ മടിച്ചവരെ മറ്റ് പ്രേക്ഷകർ കൈകാര്യം ചെയ്തതും വർത്തയായിട്ടുണ്ട്. കോടതിവിധി ഒന്നുകൊണ്ടല്ല, ദേശീയഗാനം ആലപിക്കുമ്പോൾ നമ്മളൊക്കെ അറിയാതെതന്നെ എഴുന്നേറ്റു നിൽക്കാറുണ്ട്. ഒരു ചടങ്ങിൽ പ്രാർഥന ചൊല്ലുമ്പോൾ എഴുന്നേറ്റുനിൽക്കാറുള്ളതുപോലെ തന്നെ. അതിലൂടെ പ്രകടമാവുന്നത്, പ്രകടിപ്പിക്കുന്നത് ഭക്തിയാണ്, ബഹുമാനമാണ്, സ്നേഹമാണ്. പിന്നെ അതൊന്നും എനിക്ക് ബാധകമല്ല എന്നും ദേശീയഗാനം എനിക്ക് ഇഷ്ടമല്ല അല്ലെങ്കിൽ ബാധകമല്ല എന്നുമൊക്കെ പറയുന്നത് മറ്റൊരു കാര്യമാണ്.

അതിനെ നേരിടേണ്ടത് എങ്ങിനെയെന്ന് തീരുമാനിക്കേണ്ടത് നിയമമാണ്, നിയമപാലകരാണ്, ഭരണകൂടമാണ്.തിരുവനന്തപുരത്ത്‌ ഫിലിം ഫെസ്റ്റിവലിൽ എഴുന്നേറ്റുനിൽക്കാത്തവരെ അറസ്റ്റ് ചെയ്തുവെന്നാണ് പറയുന്നത്. അതിനെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നവരിൽ കോൺഗ്രസിന്റെ എംഎൽഎ ആയ വിടി ബാലറാമിനെയും കണ്ടു. അത് ആശ്ചര്യകരമായി എന്ന് പറയാതെവയ്യ. ഇതാണോ കോൺഗ്രസിന്റെ നിലപാട് എന്നതറിയില്ല. ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേൽക്കണ്ട, ദേശീയഗാനത്തെ ബഹുമാനിക്കേണ്ട എന്നതാണോ കോൺഗ്രസിന്റെ സമീപനം…… അതവർ വ്യക്തമാക്കട്ടെ. ഇന്ന് ഏഷ്യാനെറ്റിന്റെ കീർത്തിമുദ്ര പുരസ്കാരദാന ചടങ്ങിൽ വിടി ബലറാം ഉണ്ടായിരുന്നു. അദ്ദേഹവും ഒരു അവാർഡ് ജേതാവായിരുന്നുവല്ലോ. ഞങ്ങൾ ചടങ്ങിൽ ഒന്നിച്ചാണിരുന്നത് . അവിടെ ചടങ്ങിനാവസാനം ദേശീയഗാനവും ആലപിച്ചിരുന്നു. ഭംഗിയായി ഉറക്കെ അത് ചൊല്ലുന്ന വിടി ബാലറാമിനെ കാണുകയും ചെയ്തു. 

അതൊക്കെ വേണം എന്നത് ബാലറാമിന് അറിയാം. പക്ഷെ, തീയറ്ററിൽ അതലപിക്കുമ്പോൾ എഴുന്നേറ്റു നിൽക്കണം എന്നതൊക്കെ ഫാസിസ്റ്റ് സമീപനമാണ് എന്ന് പറഞ്ഞാലോ. ഇവരെല്ലാം എന്തൊക്കെയോ ഒരു ഫാസിസ്റ്റ് ഭയാശങ്കയിൽ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് തോന്നുന്നത്. ഇന്ദിര ഗാന്ധിയുടെ ഫാസിസ്റ്റ് തേർവാഴ്ചക്കാലം അനുഭവിക്കാത്തവരാണ് ബലറാം ഉൾപ്പടെയുള്ള തലമുറ. എന്നാലും സ്വന്തം പാർട്ടിയുടെ ഫാസിസ്റ്റ് നിലപാടും അതുണ്ടാക്കിയ പ്രശ്നങ്ങളും അദ്ദേഹം അറിയാത്തതാവില്ല. എന്നിട്ടും കണ്ണടച്ച് ഇന്നത്തെ കേന്ദ്ര ഭരണകൂടത്തെ വിമർശിക്കാൻ ഇതുപോലുള്ള സംഭവങ്ങൾ ഉപയോഗിക്കുന്നത് രാഷ്ട്രീയമായ എന്തൊക്കെയോ വിഷമങ്ങളാണ്. തീയറ്ററിൽ ഫിലിം ഫെസ്റ്റിവലിൽ ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റുനിൽക്കാത്തവരെ വെറുതെവിടണം, അല്ലെങ്കിൽ അത് പ്രോത്സാഹിപ്പിക്കണം എന്ന് കോൺഗ്രസ് വ്യക്തമാക്കുമോ എന്നറിയാൻ ആഗ്രഹമുണ്ട്.

കെ .വി എസ് ഹരിദാസ്

Leave a Reply

Your email address will not be published. Required fields are marked *