Home / വാസ്തവം / ഭീകരവാദത്തെ മതേതരത്വമെന്ന്‌ ദുര്‍വ്യാഖ്യാനിക്കുന്നു: പി. പരമേശ്വരന്‍

ഭീകരവാദത്തെ മതേതരത്വമെന്ന്‌ ദുര്‍വ്യാഖ്യാനിക്കുന്നു: പി. പരമേശ്വരന്‍

തിരുവനന്തപുരം: ന്യൂനപക്ഷങ്ങളുടെ പ്രത്യേക അവകാശങ്ങളുടെ പേരില്‍ ഭീകരവാദത്തെപ്പോലും മതേതരമായി വ്യാഖ്യാനിക്കുന്ന രീതി ഇന്ന്‌ കേളത്തില്‍ അംഗീകരിക്കപ്പെട്ടകഴിഞ്ഞതായി ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ പറഞ്ഞു.ഭാരതീയ വിചാരകേന്ദ്രത്തിന്റെ മുപ്പതാംവാര്‍ഷിക മഹോത്സവത്തിന്റെ സമ്മേളനത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനസംഖ്യാവര്‍ദ്ധനവിന്റെ അടിസ്ഥാനത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ഭരണകൂടത്തെക്കൊണ്ട്‌ മതന്യൂനപക്ഷങ്ങള്‍ ചില പ്രത്യേക പ്രദേശങ്ങള്‍ അവരുടെ മേധാവിത്വമേഖലകളായി പ്രഖ്യാപിക്കുന്ന സമ്പ്രദായം വിജയകരമായി നടപ്പാക്കുന്നു. ഇത്‌ കാലക്രമത്തില്‍ കേരളത്തെ വിഘടനവാദത്തിന്റെ താവളമാക്കും. അത്‌ ഭാരതത്തിന്റെ ഭദ്രതയ്ക്കും ഭീഷണി ഉയര്‍ത്തും.

ചരിത്രപശ്ചാത്തലത്തില്‍ പ്രത്യയശാസ്ത്രപരമായും ഈ വിപത്തിനെ നേരിടേണ്ടതുണ്ട്‌. മതാടിസ്ഥാനത്തിലുള്ള വിഘടനവാദം, ദേശീയ സംസ്കാരത്തെ തിരസ്കരിക്കല്‍, പൈതൃകങ്ങളെ തള്ളിപ്പറയല്‍, ഇവയെല്ലാം ഭാരതത്തിന്റെ ഏകതയെയും അഖണ്ഡതയെയും പ്രതികൂലമായി ബാധിക്കും. ഭാരതവിഭജനത്തിന്റെ ചരിത്രം ആവര്‍ത്തിക്കാതിരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം എല്ലാതലത്തിലും ആവശ്യമാണ്‌. വൈചാരികതലത്തില്‍ ഈ ദൗത്യമാണ്‌ വിചാരകേന്ദ്രം ഏറ്റെടുത്തിട്ടുള്ളതെന്ന്‌ പി. പരമേശ്വരന്‍ ഓര്‍മ്മിപ്പിച്ചു.

കേരളം അടിയന്തിര പ്രധാന്യത്തോടെ പരിഗണിക്കേണ്ട വിഷയം ആഗോളീകരണത്തിന്റെ വെല്ലുവിളികളെ എങ്ങനെ നേരിടാം എന്നതാണ്‌. ആഗോളീകരണം അനിവാര്യമായ യാഥാര്‍ത്ഥ്യമാണ്‌. ആഗോളീകരണത്തെ പാശ്ചാത്യവല്‍ക്കരണമായി തെറ്റിദ്ധരിച്ചതും അതേപടി അംഗീകരിച്ചതുമാണ്‌ ഭാരതത്തില്‍ – കേരളത്തില്‍ പ്രത്യേകിച്ചും – സംഭവിച്ച പല പ്രശ്നങ്ങള്‍ക്കും കാരണം.
കേരളം നേരിടുന്ന പ്രശ്നങ്ങളില്‍ പ്രധാനമായത്‌ അതിന്റെ നിലനില്‍പ്പിനാധാരമായ സ്വത്വബോധംനഷ്ടപ്പെടുന്നു എന്നതാണ്‌. കേരളം എന്നും ഭാരതത്തിന്റെ അവിഭാജ്യ ഘടകകമായിരുന്നു. വൈദിക ഗ്രന്ഥങ്ങളില്‍പ്പോലും കേരളത്തെക്കുറിച്ച്‌ വ്യക്തമായ പരാമര്‍ശമുണ്ട്‌.

വിശ്വമലയാളമഹോത്സവത്തില്‍ പങ്കെടുത്ത്‌ പ്രസംഗിച്ച രാഷ്ട്രപതിതന്നെ അത്‌ എടുത്തു പറഞ്ഞു. ഈ അഭിന്നമായ ബന്ധമാണ്‌ കേരളീയ സംസ്കാരത്തിന്റെയും ജനജീവിതത്തിന്റെയും അടിസ്ഥാനം. ആ സംസ്കാരത്തിന്റെ സ്രോതസ്സ്‌, സമൂഹത്തിന്റെ കെട്ടുറപ്പ്‌ ഇവയെല്ലാം ഇന്നു ചോദ്യം ചെയ്യപ്പെടുന്നു എന്നതാണ്‌ ആശങ്കയോടും ഗൗരവത്തോടും വീക്ഷിക്കേണ്ട വസ്തുത. മുസരീസിന്റെ പേരില്‍ പട്ടണം പ്രദേശം കേന്ദ്രീകരിച്ച്‌ സര്‍ക്കാര്‍ ചെലവില്‍ നടത്തിവരുന്ന ഗവേഷണങ്ങളുടെ നിഗൂഢ ലക്ഷ്യങ്ങളില്‍ ഒന്ന്‌ ഇതാണ്‌.

കമ്മ്യൂണിസം പ്രശ്നപരിഹാരങ്ങള്‍ക്ക്‌ ഫലപ്രദമായ ഒരു പ്രത്യശാസ്ത്രം കാഴ്ചവയ്ക്കുന്നില്ല. ചൈനയും മറ്റും അവകാശപ്പെടുന്നതുപോലെ ഭാരതത്തിനോ കേരളത്തിനോ അനുസൃതമായ ഒരു സോഷ്യലിസ്റ്റ്‌ സിദ്ധാന്തവും പ്രയോഗവും മുന്നോട്ടുവയ്ക്കാന്‍ ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌ നേതൃത്വത്തിന്‌ ധൈഷണികമായ കെല്‍പ്പില്ലെന്ന്‌ വ്യക്തമാണ്‌.
അമിതഉപഭോഗവും ആഡംബരഭ്രമവും നിയന്ത്രിക്കാന്‍ കഴിഞ്ഞാലേ മാലിന്യ പ്രശ്നവും പരിഹരിക്കാനാവൂ. ജീവിത ശൈലിയില്‍ ഉചിതമായ മാറ്റങ്ങള്‍ എങ്ങനെ വരുത്താമെന്ന്‌ നാം ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *