Home / പൊളിറ്റിക്‌സ് സ്പെഷ്യൽ / പിണറായി വിജയൻ; പരാജയപ്പെട്ട മുഖ്യമന്ത്രി

പിണറായി വിജയൻ; പരാജയപ്പെട്ട മുഖ്യമന്ത്രി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യത്യസ്തമായ ഭരണം എന്ന വാഗ്ദാനമായിരുന്നു സിപിഎം ജനങ്ങള്‍ക്ക് നല്‍കിയത്. യുഡിഎഫ് ഭരണത്തില്‍ ഉമ്മന്‍ചാണ്ടി പ്രഭൃതികളുടെ അഴിമതിയും കെടുകാര്യസ്ഥതയും കണ്ട് മനംമടുത്തവര്‍ സിപിഎമ്മിന്റെ ഈ വാഗ്ദാനത്തില്‍ കുറെയൊക്കെ അഭിരമിച്ച് പോയത് സ്വാഭാവികം.

എന്നാല്‍, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണം ആറ് മാസം പിന്നിടുമ്പോള്‍ ആ പാര്‍ട്ടി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം വെറും തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രമായിരുന്നെന്നും ആത്മാര്‍ത്ഥമായിരുന്നില്ലെന്നും വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് വളരെ മുന്‍പുതന്നെ പിണറായി വിജയന് വലിയ പരിവേഷം നല്‍കാനാണ് സിപിഎം ശ്രമിച്ചത്. അതിന്റെ ഭാഗമായിരുന്നു അദ്ദേഹത്തെ മാത്രം ഫോക്കസ് ചെയ്ത നവകേരള മാര്‍ച്ച്. അതുവരെ കര്‍ക്കശക്കാരനും കണിശക്കാരനും കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനുമായ പിണറായിയെ ജനകീയനാക്കാനുള്ള ശ്രമമാണ് നവകേരള യാത്രയിലുടനീളമുണ്ടായത്.
സിപിഎമ്മിനുവേണ്ടി കേരളത്തിന്റെ പുതിയൊരു വികസന മുഖം അവതരിപ്പിക്കാനുള്ള ശ്രമവും പിണറായിയുടെ ഭാഗത്തുനിന്നുണ്ടായി. ‘മതനിരപേക്ഷ, അഴിമതി വിമുക്ത, വികസിത കേരളം’ എന്നായിരുന്നു പിണറായി നവകേരള മാര്‍ച്ചില്‍ ഉയര്‍ത്തിയ മുദ്രാവാക്യം. തെരഞ്ഞെടുപ്പ് വേളയിലും സിപിഎം ഈ ആശയത്തിനാണ് ഊന്നല്‍ നല്‍കിയത്. എന്നാല്‍, സിപിഎം മുന്നോട്ട് വച്ച ഈ മുദ്രാവാക്യത്തിന്റെ കാപട്യവും വഞ്ചനയുമാണിന്ന് ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നത്. അവര്‍ തെരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ത്തിയ മൂന്ന് മുദ്രാവാക്യങ്ങള്‍ ഒന്നൊന്നായി വിശകലനം ചെയ്താല്‍ ഇത് കൂടുതല്‍ വ്യക്തമാകും.
മതനിരപേക്ഷത
ഏതെങ്കിലും മതത്തോട് പ്രത്യേക മമതയോ കൂറൊ പ്രകടിപ്പിക്കാതെ എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്ന പുരോഗമനപരമായ സമീപനമാണല്ലൊ മതനിരപേക്ഷത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങനെയെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍തന്നെ സിപിഎമ്മിന്റെ മതനിരപേക്ഷതയുടെ മുഖംമൂടി അഴിഞ്ഞുവീണിരുന്നു. തെരഞ്ഞെടുപ്പ് രംഗത്തെ ബിജെപിയുടെ ശക്തമായ സാന്നിധ്യവും യുഡിഎഫിനെ നേരിടുന്നതില്‍ സിപിഎമ്മിലുണ്ടായ ആശയക്കുഴപ്പവും മുസ്ലിം തീവ്രവാദ സംഘടനകളുടെ പാളയത്തിലേക്കാണ് ഇത്തവണയും ആ പാര്‍ട്ടിയെ കൊണ്ടുചെന്നെത്തിച്ചത്.
രാജ്യത്ത് നടക്കുന്ന ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും മുഖ്യ ആസൂത്രകരായ സിമിയുടെ മാതൃസംഘടനയായ ജമാഅത്തെ ഇസ്ലാമിയും അരിവാള്‍ സുന്നിയുമായിരുന്നു അവരുടെ പ്രധാന കൂട്ടുകെട്ട്. കേവലം തെരഞ്ഞെടുപ്പ് വിജയത്തിനായി കമ്യൂണിസ്റ്റ് അടിസ്ഥാന ആശയങ്ങളും തത്വങ്ങളും ബലികഴിക്കുന്ന സിപിഎമ്മിനെയാണ് നമുക്കിവിടെ കാണാന്‍ കഴിയുന്നത്.

കമ്യൂണിസ്റ്റ് പാര്‍ട്ടികളെ സംബന്ധിച്ച് ഇതില്‍ അസ്വാഭാവികമായി യാതൊന്നുമുണ്ടായിരുന്നില്ല. കാരണം ഇവര്‍ ഇവിടെ കാലങ്ങളായി പിന്തുടര്‍ന്നുകൊണ്ടിരിക്കുന്ന സമീപനം ഇത് തന്നെയായിരുന്നു. ബീഫ് വിവാദവും ഏകീകൃത സിവില്‍ കോഡും എല്ലാം ഇതിന്റെ ഭാഗംതന്നെ.
അതേസമയം ഹൈന്ദവ സംഘടനകള്‍ക്കും ആചാരങ്ങള്‍ക്കുമെതിരെ ശക്തമായ കടന്നാക്രമണം നടത്തി വലിയ പ്രകോപനവും അവര്‍ സൃഷ്ടിച്ചു. എസ്എന്‍ഡിപിപോലുള്ള സംഘടനകളെയും അതിന്റെ നേതാക്കളെയും ലക്ഷ്യംവച്ചുള്ള സിപിഎം രാഷ്ട്രീയ നീക്കങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഹൈന്ദവമുന്നേറ്റത്തിന് തടയിടുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു.
അധികാരലബ്ധിക്കുശേഷവും ഇത് അവര്‍ അഭംഗുരം തുടരുകയാണ്. ക്ഷേത്രവരുമാനത്തില്‍ കണ്ണുവച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനകളും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാടുകളും അവിശ്വാസികളെ ദേവസ്വം ബോര്‍ഡില്‍ തിരുകി കയറ്റാനുള്ള ശ്രമങ്ങളും ശബരിമല സ്ത്രീ വിവാദവുമെല്ലാം കൂട്ടി വായിക്കാം. മതനിരപേക്ഷത എന്നത് സിപിഎമ്മിന് എക്കാലവും രാഷ്ട്രീയക്കളത്തിലിറങ്ങി നില്‍ക്കാന്‍ ഒരു പൊയ്മുഖം മാത്രമാണ്.
അഴിമതി വിമുക്ത ഭരണം
അഴിമതി വിമുക്ത ഭരണത്തെക്കുറിച്ചായിരുന്നു സിപിഎമ്മിന്റെ മറ്റൊരു മുദ്രാവാക്യം. 374- കോടി രൂപയുടെ ലാവ്‌ലിന്‍ അഴിമതിയില്‍ മുഖ്യ പ്രതിയായി നില്‍ക്കുന്ന പിണറായി വിജയന്‍ അഴിമതിക്കെതിരെ സംസാരിക്കുന്നത് തന്നെ പരിഹാസ്യമായിരുന്നു. ഇതിനെ ശരിവക്കുന്ന സംഭവങ്ങളാണിപ്പോള്‍ സിപിഎം ഭരണത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഭരണം വെറും നാലുമാസം പിന്നിട്ടപ്പോള്‍ ഒരുമന്ത്രിക്ക് അതും മന്ത്രിസഭയിലെ രണ്ടാമന്‍ ഇ.പി. ജയരാജന് അഴിമതിയുടെ പേരില്‍ നാണംകെട്ട് തല്‍സ്ഥാനം രാജിവെക്കേണ്ടിവന്നിരിക്കുന്നു.

സിപിഎം നേതാക്കളൊ മന്ത്രിമാരൊ ആരോപണവിധേയരായ കേസുകളില്‍ വിജിലന്‍സ് ഇന്നൊരു കൂട്ടിലടച്ച തത്ത തന്നെയായിരിക്കുന്നു. ഭരണത്തിന്റെ തണലില്‍ പാര്‍ട്ടി നേതാക്കളും ഗുണ്ടാ മാഫിയകളും അഴിഞ്ഞാടുകയാണിന്ന്. ഇത്തരം കേസുകള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നു.
കളമശ്ശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ട് പോയ ക്വട്ടേഷന്‍ സംഘത്തിന് നേതൃത്വം കൊടുത്ത സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനും, വടക്കാഞ്ചേരിയില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ ആരോപണവിധേയനായ സിപിഎം നഗരസഭാ കൗണ്‍സിലര്‍ പി.കെ.ജയന്തനും, പിണറായിയുടെ പേരില്‍ കറുകപ്പള്ളിയില്‍ ഗുണ്ടാ സംഘം നടത്തുന്ന സിദ്ധിഖുമെല്ലാം ഈ ഭരണത്തിന്റെ പരിച്ഛേദമാണ്.
അധികാരം കിട്ടിയാല്‍ പല സിപിഎം നേതാക്കളും പോലീസിനെ ഭരിക്കുക പതിവാണ്. ഇതിന് ആക്കം കൂട്ടുന്ന മൗനമാണ് പിണറായിയുടേത്. രാഷ്ട്രീയ കൊലപാതകങ്ങളിലും സ്ത്രീ പീഡനകേസുകളിലും പോലീസ് നടപടികള്‍ ഇരകള്‍ക്ക് എതിരെയും പ്രതികളെ സഹായിക്കുന്നതുമാണ്. സിപിഎം ഭരിക്കുമ്പോള്‍ മാത്രമാണ് പോലീസ് ഇത്രയും തരംതാഴുന്നത്. കണ്ണൂരിനെ കൊലക്കളമാക്കുന്നതിലും പോലീസിന്റെ ഇത്തരം സമീപനങ്ങളും രാഷ്ട്രീയ പക്ഷപാതിത്വവും വലിയ പങ്ക് വഹിക്കുന്നു.
തന്റേത് സാധാരണക്കാരുടെ സര്‍ക്കാരാണെന്ന് പറയുന്ന പിണറായി വിജയന്‍ പീഡനത്തിനും അക്രമത്തിനും വിധേയരായവരുടെ രോദനംപോലും കേള്‍ക്കാന്‍ തയ്യാറാകുന്നില്ല.
വികസിത കേരളം
സിപിഎമ്മിന്റെ വികസിത കേരളം എന്ന പൊള്ളത്തരം കാണാതിരുന്നുകൂട. കഴിഞ്ഞ അഞ്ചുമാസംകൊണ്ട് കേരളത്തില്‍ എന്ത് വികസനമാണ് ഈ സര്‍ക്കാര്‍ ഉണ്ടാക്കിയത്? രാഷ്ട്രീയ കൊലപാതകങ്ങളും അഴിമതിയും ഗുണ്ടാവിളയാട്ടവുമല്ലാതെ ഇവര്‍ക്കെന്താണ് പറയാനുള്ളത്?

സിപിഎം കൊട്ടിഘോഷിക്കുന്ന വികസനപ്രവൃത്തികളിലൊന്ന് രണ്ട് ലക്ഷം ശൗചാലയങ്ങളുടെ നിര്‍മാണമാണ്. ഏതാണ്ട് 300 കോടി രൂപ ഇതിനായി ചെലവഴിച്ചു എന്നാണ് കണക്ക്. സ്വച്ഛഭാരതത്തിന്റെ പേരില്‍ നടക്കുന്ന ശൗചാലയങ്ങളുടെ 80 ശതമാനം ഫണ്ടും കേന്ദ്രസര്‍ക്കാരാണ് നല്‍കുന്നത്. അങ്ങനെയെങ്കില്‍ ഈയിനത്തില്‍ 240 കോടി രൂപയോളം സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചെലവഴിക്കുന്ന ഫണ്ടിന്റെ 70 ശതമാനവും നല്‍കുന്നത് കേന്ദ്രസര്‍ക്കാരാണ്. പതിനാലാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശപ്രകാരം സംസ്ഥാന വിഹിതം ഇപ്പോള്‍ 42 ശതമാനമായി വര്‍ധിപ്പിക്കുകയും കേരളത്തിന്റെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാന്‍ 9519 കോടി രൂപ അനുവദിക്കുകയും ചെയ്തിരിക്കുന്നു. ഈ വര്‍ഷവും സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രധാനമന്ത്രി പാര്‍പ്പിട പദ്ധതിക്ക് (5968 വീടുകള്‍) 81 കോടി രൂപ ആദ്യ ഗഡുവായി കേന്ദ്ര ഫണ്ട് ലഭിച്ചു കഴിഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മിക്ക പദ്ധതികളുടെയും സ്ഥിതി ഇതാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി, ദേശീയ പാതാ വികസനം, ഗെയ്ല്‍ പൈപ്പ് പദ്ധതി എന്നിവ കേന്ദ്രം കേരളത്തിനായി നല്‍കുന്ന വന്‍ വികസന വാഗ്ദാനങ്ങളാണ്. സ്വച്ഛ ഭാരതും മേക്ക് ഇന്‍ ഇന്ത്യയും സ്റ്റാര്‍ട്ട് അപ്പ് പദ്ധതിയും എന്‍എസ്‌ക്യൂഎഫ് (തൊഴില്‍ നൈപുണ്യ പരിശീലനം) പദ്ധതിയും കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ പോന്നതാണ്.
എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ പലപ്പോഴും വികസന കാര്യത്തില്‍ ഒച്ചിന്റെ വേഗതയിലും അലംഭാവത്തിലുമാണ് മുന്നോട്ട് പോകുന്നത്. ഭരണമാറ്റത്തിലൂടെ ഇവിടെ എന്തെങ്കിലും പുരോഗതി ഉണ്ടായതായി പറയാന്‍ കഴിയില്ല.
ദേശീയപാത വികസന സ്ഥലമെടുപ്പ് ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. ഗെയ്ല്‍ പദ്ധതി പലയിടത്തും തടസ്സപ്പെട്ട് കിടക്കുന്നു. 80000 കോടി രൂപയുടെ നഷ്ടമാണ് ഈയിനത്തില്‍ സംസ്ഥാന സര്‍ക്കാരിനുണ്ടായിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ അഭിരുചിക്കൊത്ത് അന്താരാഷ്ട്ര തലത്തില്‍ മത്സരക്ഷമതയുള്ളവരാക്കുന്ന എന്‍എസ്‌ക്യൂഎഫ് പദ്ധതിയും ഇവിടെ ഇനിയും തുടങ്ങിയിട്ടില്ല.

വിദ്യാഭ്യാസ മേഖലയില്‍ കേരളം പിടിച്ചുനില്‍ക്കുന്നത് കേന്ദ്ര ഫണ്ടുകൊണ്ടുമാത്രം (എസ്എസ്എ) എന്നായിരിക്കുന്നു. ആരോഗ്യമേഖലയില്‍ കേന്ദ്രം സ്വീകരിച്ച ഔഷധ നയവും ജന്‍ഔഷധിയും ഒട്ടേറെ ആശ്വാസമാകുന്നുണ്ടെങ്കിലും ഈ രംഗമാകെ കുത്തഴിഞ്ഞുകിടക്കുകയാണ്. സ്വകാര്യ കുത്തകകള്‍ ആരോഗ്യ മേഖലയെ വിഴുങ്ങുകയാണിന്ന് കേരളത്തില്‍. ഇവയെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനാവുന്നില്ല. വലിയ ചൂഷണമാണ് ഈ രംഗത്ത് നടക്കുന്നത്.
കാര്‍ഷിക മേഖലയും ഇവിടെ വലിയ തകര്‍ച്ചയെ അഭിമുഖീകരിക്കുന്നു. കാര്‍ഷിക വളര്‍ച്ച കേന്ദ്ര ശരാശരിയേക്കാള്‍ (2.22%) മൈനസ് 10.63% ആണ്. ഭക്ഷ്യധാന്യങ്ങളുടെ കൃഷിയിടത്തിന്റെ വിസ്തൃതി അനുദിനം കുറഞ്ഞുവരുന്നു. (12.05%) നെല്‍കര്‍ഷകരുടെ സ്ഥിതി ദയനീയമാണ്. സംഭരണ വില കുടിശികയായിരിക്കുന്നു. നാളികേര കര്‍ഷകരും കൃഷി ഉപേക്ഷിക്കുകയാണ്. വിഷരഹിത ഉല്‍പ്പന്നങ്ങളെക്കുറിച്ച് മന്ത്രിമാര്‍ വാതോരാതെ സംസാരിക്കുന്നുണ്ടെങ്കിലും അതൊന്നും ഇനിയും പ്രാവര്‍ത്തികമായിട്ടില്ല.
ജലസേചനത്തിന്റെ അപര്യാപ്തത കാര്‍ഷിക മേഖലയില്‍ വലിയ പ്രശ്‌നമായി തന്നെ നില്‍ക്കുന്നു. 44 നദികളൊഴുകുന്ന കേരളത്തില്‍ 40% ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം പോലും അപ്രാപ്യമാണ്.
സംസ്ഥാനം കൊടും വരള്‍ച്ചയിലേക്ക് കൂപ്പ്കുത്തുമ്പോഴും ജലവിഭവ വിനിയോഗ മാനേജ്‌മെന്റ് ഒട്ടും ക്രിയാത്മകമല്ല. അവകാശപ്പെട്ട കാവേരി വിഹിതവും മുല്ലപ്പെരിയാര്‍ ജലവും ഇപ്പോഴും സ്വപ്‌നം മാത്രമായി നില്‍ക്കുന്നു. അടിസ്ഥാന വികസനത്തില്‍ ഒരുപാട് ചുവട് മുന്നോട്ട് വക്കാന്‍ കഴിയുന്നതാണ് ഭൂമി കയ്യേറ്റങ്ങള്‍ തിരിച്ച് പിടിച്ച് പാവങ്ങള്‍ക്ക് വിതരണം ചെയ്യല്‍- രണ്ടാം ഭൂപരിഷ്‌കരണം. എന്നാല്‍ ഇക്കാര്യത്തില്‍ സിപിഎം സര്‍ക്കാര്‍ ഇതേവരെ യാതൊരു നടപടികളും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. 10 ലക്ഷം ഏക്കര്‍ ഭൂമിയാണ് അനധികൃതമായി ഭൂമാഫിയകളുടെയും സ്വകാര്യ തോട്ടമുടമകളുടെയും കൈവശമിരിക്കുന്നത് എന്നറിയുമ്പോള്‍ കേരളം ഭരിച്ച രണ്ടുമുന്നണികളുടെയും അലംഭാവം വ്യക്തമാണ്. ഒരു തുണ്ട് ഭൂമിക്കായി അടിസ്ഥാന വര്‍ഗം കേഴുകയാണിന്ന്. അടിസ്ഥാനവര്‍ഗങ്ങളുടെ മോചനത്തിലൂടെ മാത്രമേ സോഷ്യലിസം നടപ്പാകൂ എന്നാണ് വെപ്പ്.
അധികാരം കൈയാളുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇത് മറന്നുപോകുന്നു. പിണറായിയും ആ കൂട്ടത്തില്‍ തന്നെ എന്ന് സംശയമില്ല. സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ മാനേജ്‌മെന്റുകളെ സഹായിക്കുന്ന നിലപാടെടുത്ത മുഖ്യമന്ത്രി കയ്യേറ്റ ഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍ ട്രൈബ്യൂണല്‍ രൂപീകരിച്ച് കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകാനും അതുവഴി വനവാസികളടക്കമുള്ള അടിസ്ഥാനവര്‍ഗത്തിന് നീതി നിഷേധിക്കാനുമുള്ള ശ്രമത്തിലാണ്. വകുപ്പ് ഭരിക്കുന്ന സിപിഐയും ഇതിനായി ചരട് വലിക്കുന്നു. എവിടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പറയുന്ന സോഷ്യലിസവും സാമൂഹിക നീതിയും? കേരള വികസനത്തിനായി വെറും മുദ്രാവാക്യത്തിലുപരി ഈ ലക്ഷ്യം നേടാനുള്ള ഇച്ഛാശക്തിയും ആര്‍ജവവുമാണ് കാണിക്കേണ്ടത്. ഇതാണ് പിണറായി വിജയനിലും ഇപ്പോള്‍ കാണാതിരിക്കുന്നത്.
അതുകൊണ്ട് ഉറപ്പിച്ച് പറയാന്‍ കഴിയും സിപിഎമ്മിന്റെ ഈ ഭരണവും മുന്‍കാല ഇടത് ഭരണങ്ങളില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ലെന്ന്. നരേന്ദ്രമോദിയുടെ പല വികസന പദ്ധതികളെയും അനുകരിച്ച് പിണറായി ചില നമ്പറുകളൊക്കെ ഇറക്കുന്നുണ്ടെങ്കിലും അതൊന്നും പ്രാവര്‍ത്തികമാക്കാനുള്ള ടാക്‌സ് ഫോഴ്‌സും സാമ്പത്തിക സ്രോതസും പിണറായിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *