Home / ഓർമ്മിക്കാൻ വീണ്ടും / ചെങ്ങന്നൂരില്‍ പുരാതന ബുദ്ധവിഗ്രഹം 

ചെങ്ങന്നൂരില്‍ പുരാതന ബുദ്ധവിഗ്രഹം 

ചെങ്ങന്നൂര്‍: ഹൈന്ദവ- ബൗദ്ധ ചരിത്രപ്പെരുമയിലേക്ക് വെളിച്ചം വീശിയേക്കാവുന്ന അവശിഷ്ടങ്ങള്‍ ചെങ്ങന്നൂരില്‍ ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നു. നഗരസഭയിലെ ഏഴാം വാര്‍ഡില്‍ പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടവും പത്മാസനത്തിലിരിക്കുന്ന ബുദ്ധവിഗ്രഹവും മറ്റുമാണ് പുരാവസ്തു വകുപ്പിന്റെ ശ്രദ്ധതേടുന്നത്. തേവര്‍കാട് സുബ്രഹ്മണ്യക്ഷേത്രത്തിന്റെ സമീപമാണ് ബുദ്ധവിഗ്രഹം ഉള്ളത്. മംഗലത്ത് വാര്യത്തിന്റെ സംരക്ഷണത്തിലാണ് ക്ഷേത്രം. ഗോപാലകൃഷ്ണവാര്യര്‍ (92), പരമേശ്വരവാര്യര്‍ (82) എന്നിവര്‍ക്കാണ് ക്ഷേത്രത്തിന്റെ ചുമതല. 

അക്ഷയ പമ്പാമിഷന്റെ നേതൃത്വത്തില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തിയ വരട്ടാര്‍ പരിക്രമത്തിനിടെയാണ് ഇവ ശ്രദ്ധയില്‍ പെടുന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവില്‍ സ്ഥിതിചെയ്യുന്ന പഞ്ചവര്‍ഗ അടിത്തറയ്ക്ക് 42 അടി വ്യാസമുണ്ട്. മഹാക്ഷേത്രങ്ങള്‍ക്ക് മാത്രമേ ഇത്രമാത്രം വലിപ്പമുള്ള അടിത്തറ ഉണ്ടാകൂ എന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ശാസ്താവിന്റെ പ്രതിഷ്ഠയും വടക്ക് ഭാഗത്ത് യക്ഷിയുടെ പ്രതിഷ്ഠയുമുണ്ട്. 

1944ല്‍ ആണ് ക്ഷേത്ര അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് വിഗ്രഹങ്ങള്‍ കണ്ടെടുക്കുന്നതെന്ന് ക്ഷേത്രത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന പരമേശ്വരവാര്യര്‍ പറഞ്ഞു. തട്ടാവിള ചെല്ലപ്പന്‍ ആശാരിയാണ് ക്ഷേത്രത്തിന്റെ പുരുനരുദ്ധാരണം നടത്തിയത്. അക്കാലത്ത് കാടുപിടിച്ചു കിടന്ന പരിസരത്തുനിന്ന് 1008 വിഗ്രഹങ്ങള്‍ ലഭിച്ചു. ശിവന്‍, ഗണപതി, ദേവി, മഹാവിഷ്ണു എന്നിവരുടെ അംഗഭംഗം വന്ന വിഗ്രഹങ്ങളായിരുന്നു അവ. ആക്രമണങ്ങളിലോ മറ്റോ തകര്‍ന്ന തരത്തിലാണ് കാണപ്പെട്ടത്. 

അംഗഭംഗം വന്ന വിഗ്രഹങ്ങള്‍ സൂക്ഷിക്കാന്‍ പാടില്ലെന്നായിരുന്നു ഉപദേശം. ഇവ സമീപത്തുകൂടി ഒഴികുയിരുന്ന വരട്ടാറിലെ കഠാരക്കുഴി കയത്തില്‍ വിധിപ്രകാരം നിക്ഷേപിച്ചു – അദ്ദേഹം പറഞ്ഞു. മാസത്തിലൊരിക്കല്‍ ഷഷ്ഠിക്ക് മാത്രമാണ് സുബ്രഹ്മണ്യക്ഷേത്രത്തിന്റെ നടതുറക്കുന്നതും പൂജ നടത്തുന്നതും. എന്നാല്‍, ക്ഷേത്രത്തിന് സമീപമുള്ള ബുദ്ധന്റേതെന്ന് കരുതുന്ന വിഗ്രഹം വെയിലും മഴയുമേറ്റ് നാശോന്മുഖമാണ്. പ്രദേശത്തിന്റെ ചരിത്രപ്രാധാന്യം കണ്ടെത്താനും ശാസ്ത്രീയ പഠനം നടത്താനും പുരാവസ്തു വകുപ്പ് മുന്‍കൈ എടുക്കണമെന്നാണ് അക്ഷയ പമ്പാമിഷന്റെയും സമീപവാസികളുടെയും ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *