Home / വാസ്തവം / അരാജകവാദികളുടെ ദേശീയഗാന നിന്ദ

അരാജകവാദികളുടെ ദേശീയഗാന നിന്ദ

ദേശീയ വിരുദ്ധത കമ്മ്യൂണിസ്റ്റുകളുടെയും ഭീകരവാദികളുടെയും മുഖമുദ്രയാണ്. രണ്ടു കൂട്ടര്‍ക്കും ദേശീയതയും ദേശസ്‌നേഹവും ഏറ്റവും വെറുപ്പുണ്ടാക്കുന്ന കാര്യങ്ങളാണ്. കമ്മ്യൂണിസ്റ്റുകള്‍ ആഗോള കമ്മ്യൂണിസ്റ്റ് സാമ്രാജ്യം ലക്ഷ്യമാക്കുമ്പോള്‍ ഭീകരവാദികള്‍ ആഗോള മതരാജ്യം സ്വപ്‌നം കാണുന്നു. രണ്ടും നടക്കാന്‍ സാധ്യതപോലും ഇല്ലാത്തതാണെങ്കിലും അതിന്റെ പേരില്‍ അവര്‍ കൊല്ലുകയും ചാവുകയും ചെയ്യും.

അതുകൊണ്ടുതന്നെ ദേശീയഗാനം ഈ രണ്ടുവിഭാഗത്തെയും പ്രകോപിതരാക്കും. ദേശീയഗാനം, ദേശീയപതാക, ദേശീയഗീതം എന്നുവേണ്ട ദേശീയമെന്നു വ്യവഹരിക്കപ്പെടുന്നതിനെയൊക്കെ നിന്ദിക്കുകയും അവഹേളിക്കുകയും ചെയ്യേണ്ടത് കമ്മ്യൂണിസ്റ്റുകളുടെയും ഭീകരവാദികളുടെയും ചുമതലയാണ്. അതുകൊണ്ടാണ് സമീപകാലത്ത് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിച്ച ഭീകരവാദികളുടെ രക്തസാക്ഷിദിനം ‘കൊണ്ടാടിയത്’. സ്വരാജ്യസ്‌നേഹം ഭീകരര്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും ഹറാമാണ്. മുമ്പ് ദേശീയഗാനം പാടുന്നതിനെയും ദേശീയപതാക ഉയര്‍ത്തുന്നതിനെയും എതിര്‍ത്തിരുന്നത് ബ്രിട്ടീഷുകാരാണ്. 1947ല്‍ അവര്‍ പോയതിനുശേഷം ബ്രിട്ടീഷുകാര്‍ ചെയ്തിരുന്ന കാര്യങ്ങള്‍ ‘ഭംഗിയായി’ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത് കമ്മ്യൂണിസ്റ്റുകളും ഭീകരവാദികളും തന്നെ.

കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് ഒരിക്കലും ദേശീയവാദികളാകാന്‍ കഴിയില്ലെന്നാണ് അവരുടെ ഇന്നോളമുള്ള ചരിത്രം തെളിയിക്കുന്നത്. 1940കളില്‍ അവര്‍ കേരളത്തില്‍ നടത്തി എന്നു പറയുന്ന സമരങ്ങള്‍ സ്വാതന്ത്ര്യസമരം എന്ന നിലയിലാണല്ലോ പ്രചരിപ്പിക്കുന്നതും പഠിപ്പിക്കുന്നതും. സമരങ്ങളെല്ലാം കര്‍ഷകത്തൊഴിലാളികളുടെ പേരിലും. അന്നവര്‍ മുഴക്കിയ മുദ്രാവാക്യം ഇങ്ങനെയായിരുന്നു.

ജന്മിത്തം മൂര്‍ദ്ധാബാദ്

കര്‍ഷകസംഘം സിന്ദാബാദ്

സാമ്രാജ്യത്വം മൂര്‍ദ്ധാബാദ്

സോവിയറ്റുയൂണിയന്‍ 

സിന്ദാബാദ്

അവര്‍ ഒരിക്കലും ഭാരതത്തിനു ജയ് വിളിച്ചിട്ടില്ല. 1939ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ രൂപീകരിച്ചത്. അന്നുമുതല്‍ ഈ 2016 വരെ ഒരിക്കല്‍പോലും ഭാരത് മാതാ കീ ജയ്, ജയ് ഹിന്ദ് തുടങ്ങിയ ഏതെങ്കിലും ദേശീയ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ല. സ്വാതന്ത്ര്യസമരത്തിലും സ്വാതന്ത്ര്യാനന്തരവും ഭാരതീയര്‍ കക്ഷി രാഷ്ട്രീയഭേദമെന്യേ വിളിച്ചുപോരുന്ന മുദ്രാവാക്യങ്ങളാണ് ഇവ. കമ്മ്യൂണിസ്റ്റുകള്‍ അങ്ങനെ ചെയ്യാത്തത് യാദൃശ്ചികമല്ല. അവര്‍ ദേശീയതക്ക് എതിരാണ് എന്നുള്ളതുകൊണ്ടാണ്.
1940ലാണ് മുസ്ലീംലീഗ് വിഭജന പ്രമേയം പാസാക്കിയത്. അതിനെ സംബന്ധിച്ച് പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്തു. ഒടുവില്‍ സുചിന്തിതമായി പാര്‍ട്ടി എടുത്ത തീരുമാനം പാകിസ്ഥാന്‍ വാദികളുടേതിനേക്കാള്‍ ഗുരുതരമായതാണ്. മുസ്ലീംലീഗിന്റെ ആവശ്യം ഭാരതം രണ്ടായി വിഭജിക്കാനായിരുന്നു; മതത്തിന്റെ അടിസ്ഥാനത്തില്‍. 

കമ്മ്യൂണിസ്റ്റുകളുടെ ആവശ്യം മുഖ്യമായും ഭാഷയുടെ അടിസ്ഥാനത്തില്‍ 16 രാജ്യങ്ങളായി വിഭജിക്കാനായിരുന്നു; 1942 സപ്തംബറിലെ കേന്ദ്രകമ്മറ്റിയുടെ പ്രമേയത്തിലൂടെയാണ് ഈ ആവശ്യം പാര്‍ട്ടി പ്രഖ്യാപിച്ചത്. (ചമശേീിമഹ ഝൗലേെശീി ശി കിറശമ ഏ. അറവശസമൃ ഇജക ഉീരൗാലിെേ 194247).
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയനേതാക്കളെ എതിര്‍ത്തതും അപമാനിച്ചതും ഒരു അബദ്ധം എന്ന നിലക്കല്ല. പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിന്റെ അടിസ്ഥാനത്തിലായിരുന്നു. ഗാന്ധിജിയെ വാര്‍ദ്ധയിലെ കള്ളദൈവം, കുരുടന്‍ മിശിഹ തുടങ്ങിയ വാക്കുകളാലാണ് കമ്മ്യൂണിസ്റ്റുകള്‍ വിശേഷിപ്പിച്ചത്. കൂടാതെ ജയപ്രകാശ് നാരായണനെ ഉദരത്തില്‍ വഹിക്കുന്ന കങ്കാരുവായും പീപ്പിള്‍സ് വാറില്‍ ചിത്രീകരിച്ചു. സുഭാഷ് ചന്ദ്രബോസിനെ ജപ്പാന്‍ ഭരണാധികാരി ജനറല്‍ ടോജോയെ ചുമക്കുന്ന കഴുതയായി ചിത്രീകരിച്ചതും സുഭാഷ് ദേശീയവാദി എന്ന കാരണത്താലാണ്. വഞ്ചകന്‍, അഞ്ചാംപത്തി, നീചന്‍, രാജ്യദ്രോഹി, ചെരുപ്പുനക്കി, കില്ലപ്പട്ടി, ഗുണ്ടാത്തലവന്‍, ചെറ്റ തുടങ്ങിയ വിശേഷണങ്ങള്‍ സുഭാഷ് ബോസിനെ വിളിക്കാന്‍ കാരണം അദ്ദേഹം കടുത്ത ദേശീയവാദിയായതുകൊണ്ടായിരുന്നു.

സ്വാതന്ത്ര്യാനന്തരം 1951ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അജയഘോഷിനോട് ഒരു കൂട്ടം പത്രലേഖകരുടെ ചോദ്യം, ”ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരുയുദ്ധമുണ്ടായാല്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നിലപാട് എന്തായിരിക്കും” എന്നായിരുന്നു. അജയഘോഷിന്റെ മറുപടി, ”അങ്ങനെയൊരു യുദ്ധമുണ്ടായാല്‍ എന്റെ രാജ്യം എന്ന നിലപാട് കമ്മ്യൂണിസ്റ്റുകാര്‍ അംഗീകരിക്കുകയില്ല. അത്തരമൊരു യുദ്ധം വന്നാല്‍ ആരുടെ ഭാഗത്താണ് തെറ്റും ശരിയുമെന്ന് ഞങ്ങള്‍ നോക്കും. അതനുസരിച്ചുള്ള നിലപാടെടുക്കും.” എന്റെ രാജ്യം എന്ന നിലപാട് കമ്മ്യൂണിസത്തിനെതിരാണ് എന്നര്‍ത്ഥം. 

ഭാരത-ചൈനായുദ്ധമുണ്ടായപ്പോഴും അവര്‍ ഇതേ നിലപാടാണ് സ്വീകരിച്ചത്. അവര്‍ ചൈനയുടെ ചാരന്മാരായി പ്രവര്‍ത്തിക്കുകയായിരുന്നു അന്നും ഇന്നും എന്നും (ദേശീയബദലും കമ്മ്യൂണിസ്റ്റുകളും – പി.വി.കെ നെടുങ്ങാടി. പുറം 22)
കമ്മ്യൂണിസത്തിന്റെ താത്വികാടിത്തറയാണ് ദേശീയത സങ്കുചിതമാണ് എന്നത്. അതുകൊണ്ടാണ് അവര്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന ആശയത്തെ എതിര്‍ത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്ത്യന്‍ ഘടകം എന്ന നിലപാട് സ്വീകരിച്ചത്. സ്വാതന്ത്ര്യസമരത്തെ എതിര്‍ത്തതും സ്വാതന്ത്ര്യസമരസേനാനികളെ അറസ്റ്റുചെയ്യാന്‍ ബ്രിട്ടീഷുകാരെ സഹായിച്ചതും. (കാന്തലോട്ടു കുഞ്ഞമ്പു – 1993 ജൂലൈ 31 മലയാള മനോരമ)
ഇ.എം.എസ്. നമ്പൂതിരിപ്പാട് എന്ന സവര്‍ണ കമ്മ്യൂണിസ്റ്റ് നേതാവിന്റെ രചനകളില്‍ മുഴുവന്‍ ദേശീയതയെക്കുറിച്ചു പറയുമ്പോള്‍ ‘സങ്കുചിത ദേശീയത’യെന്നും ബൂര്‍ഷ്വാ ദേശീയതയെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് പാര്‍ട്ടി ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു. അധികാരം നേടാന്‍ ഏതു നീചമാര്‍ഗവും അവലംബിക്കുന്നു. ഭീകരവാദികളുടെയും മതമൗലികവാദികളുടെയും വര്‍ഗീയവികാരത്തെ ആളികത്തിച്ചും അരാജകവാദികളെ പിന്തുണച്ചും നവലിബറുകളെ പ്രോത്സാഹിപ്പിച്ചും രാഷ്ട്രീയ മുതലെടുപ്പു നടത്താന്‍ ശ്രമിക്കുകയാണ് പുതിയ അടവുനയം. പ്രത്യക്ഷത്തില്‍ അവര്‍ രാജ്യസ്‌നേഹികളെപ്പോലെ അഭിനയിക്കും. പരോക്ഷമായി അരാജകവാദം വളര്‍ത്തും. അവര്‍ ദേശീയ ഐക്യത്തെപ്പറ്റി പ്രസംഗിക്കും; ഭീകരവാദികളെ സംരക്ഷിക്കും. ദേശീയവാദികളായ മുസ്ലീങ്ങളെ തള്ളിപ്പറയുകയും മതമൗലികവാദികളെയും ദേശീയവിരുദ്ധരെയും കൂടെ നിര്‍ത്തുകയും ചെയ്യും. അതിന്റെ തെളിവാണ് ജെ.എന്‍.യുവില്‍ അവര്‍ നടത്തിയ അഫ്‌സല്‍ഗുരു അനുസ്മരണവും യാക്കൂബ് മേമനെ തൂക്കിലേറ്റരുതെന്ന കാരാട്ടിന്റെ പ്രസ്താവനയും.

ദേശീയഗാന വിവാദത്തില്‍ അവരെടുത്ത നിലപാട് വളരെ തന്ത്രപരമാണ്. പ്രത്യക്ഷത്തില്‍ അവര്‍ ദേശീയഗാനാലാപനത്തിന് അനുകൂലമാണ്. എന്നാല്‍ ഭാരതത്തില്‍ പൊതുവെയും കേരളത്തില്‍ പ്രത്യേകിച്ചും ദേശീയവിരുദ്ധ മനോഭാവം വളര്‍ത്തിയതില്‍ മുഖ്യപങ്ക് കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്കാണ്. അരാജകവാദികളുടെ തെരുവു സമരങ്ങളെ പിന്തുണച്ചും കൂടെക്കൂടിയും സാമൂഹിക വിരുദ്ധ മനോഭാവം വളര്‍ത്തിയത് കമ്മ്യൂണിസ്റ്റുകളും ഭീകരവാദികളും ചേര്‍ന്നാണ്. വന്ദേമാതരവിവാദവും നിലവിളക് വിവാദവും സൃഷ്ടിച്ചതും യോഗ ദിനാഘോഷം മലിനമാക്കിയതും കമ്മ്യൂണിസ്റ്റുകളും മതമൗലികവാദികളും കൂടിച്ചേര്‍ന്നാണ്.

ദേശീയമായതിനെ ദുര്‍ബ്ബലപ്പെടുത്തേണ്ടത് ദേശീയവിരുദ്ധരുടെ ആവശ്യമാണ്. ദേശീയഗാന നിന്ദ ഒരടയാളമാണ്. കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്ന അരാജകവാദത്തിന്റെയും രാജ്യദ്രോഹമനഃസ്ഥിതിയുടെയും അടയാളം. ദേശീയ ബിംബങ്ങളെ തകര്‍ക്കാനുള്ള മനസ്സ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഭാരതീയ മൂല്യങ്ങളെ നശിപ്പിക്കാനുള്ള വിത്ത് വളര്‍ന്ന് വിഷവൃക്ഷമായിരിക്കുന്നു. അത് നട്ടുനനച്ച് വളര്‍ത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ആ വിഷവൃക്ഷം വളരാന്‍ കാവലിരുന്നത്, വേലികെട്ടി പരിരക്ഷിച്ചത് കമ്മ്യൂണിസ്റ്റുകളാണ്. ആ ഉത്തരവാദിത്തത്തില്‍ നിന്ന് അവര്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല.

Leave a Reply

Your email address will not be published. Required fields are marked *