Home / വാര്‍ത്തകള്‍ / ‘ഭീം ആപ്പ്’ ലോകത്തെ ഏറ്റവും വലിയ അത്ഭുതമാകും:  മോദി

‘ഭീം ആപ്പ്’ ലോകത്തെ ഏറ്റവും വലിയ അത്ഭുതമാകും:  മോദി

ന്യൂഡൽഹി: നിങ്ങളുടെ പെരുവിരലിലാണ് നിങ്ങളുടെ ബാങ്കും ബിസിനസും. ഒരു വലിയ വിപ്ലവം വരികയാണ്. ഭീം ആപ്പ് ലോകത്തെ ഏറ്റവും വലിയ അത്ഭുതമാകും. ഡിജിറ്റൽ ഇടപാടുകൾക്കായുള്ള മൊബൈൽ ആപ്പ് പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭീം (ബിഎച്ച്ഐഎം) ആപ്പ് വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ഉപയോഗിക്കാൻ വളരെ എളുപ്പവുമാണിത്. ഉപയോഗിക്കാൻ ഇന്റർനെറ്റ് വേണമെന്ന നിർബന്ധമില്ല.

ലക്കി ഗ്രഹക് യോജനയും ഡിജി–ധൻ വ്യാപാർ യോജനയും രാജ്യത്തിനുള്ള ക്രിസ്മസ് സമ്മാനങ്ങളാണ്. 100 ദിവസത്തിനുള്ളിൽ ഒട്ടേറെ കുടുംബങ്ങൾക്ക് സമ്മാനങ്ങൾ ലഭിക്കും. 50 രൂപയിൽ കൂടുതലോ 3000 രൂപയിൽ കുറവോയുള്ള ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നവർക്കാകും സമ്മാനം നൽകുക. എങ്കിൽ മാത്രമേ പാവങ്ങൾക്കും വിജയിക്കാൻ സാധിക്കൂ. ഡോ.ബാബാസാഹബ് അംബേദ്കറുടെ ജന്മദിനത്തിൽ ഏപ്രിൽ 14ന് ലക്കി ഡ്രോയുടെ തിരഞ്ഞെടുപ്പ് നടത്തും. അടുത്ത 100 ദിവസത്തേക്ക് 1000 രൂപ വിലയുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. അതിന്റെ ഗുണം 15,000 പേർക്കു ലഭിക്കും.

ഒരിക്കൽ പാവപ്പെട്ടവർ അംങ്കൂത ചാപ് (ഒപ്പിനു പകരം വിരലടയാളം പതിപ്പിക്കുന്നവർ) എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്നത് അവരുടെ വ്യക്തിത്വം തെളിയിക്കുന്ന ഒന്നായിത്തീർന്നു. അവരെ ഉയർത്തിക്കൊണ്ടുവരികയാണ് ഞങ്ങളുടെ ലക്ഷ്യം. ഡിജിറ്റൽ ഇടപാടുകൾക്ക് നമ്മുടെ രാജ്യത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. മൂന്നു വർഷങ്ങൾ മുന്‍പുള്ള പത്രങ്ങൾ ശ്രദ്ധിക്കൂ. അഴിമതിയെക്കുറിച്ചുള്ളതായിരുന്നു അവയിൽ അധികവും. എന്നാൽ ഇന്ന് വിജയത്തെക്കുറിച്ചുള്ള വാർത്തകളാണുള്ളതെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *